2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

വള്ളിക്കോട്:- ചരിത്രം]


വള്ളിക്കോട്


പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്. 18.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാര്‍ഡുകളുടെ എണ്ണം 15 ആണ്. മുന്‍കാലത്ത് കുന്നത്തൂര്‍ താലൂക്കിന്റെ ഭാഗമായിരുന്ന വള്ളിക്കോടു വില്ലേജില്‍ ഒരു വില്ലേജ് യൂണിയന്‍ നിലവില്‍ വന്നത് 1951 ല്‍ ആയിരുന്നു. ഏഴംഗങ്ങള്‍ ഉണ്ടായിരുന്ന സമിതിയുടെ പ്രസിഡന്റ് ഡി.ദാമോദരന്‍ പോറ്റിയായിരുന്നു. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 7 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വളളിക്കോട്. ചെറുകുന്നുകളും താഴ്വരകളുമടക്കം വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് ഈ പഞ്ചായത്ത്. ഓമല്ലൂര്‍, കൊടുമണ്‍, പ്രമാടം, ചെന്നീര്‍ക്കര, തുമ്പമണ്‍, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകള്‍ വളളിക്കോടു പഞ്ചായത്തിന്റെ അതിരുകളില്‍ സ്ഥിതി ചെയ്യുന്നു. തെക്കുനിന്നും വടക്കോട്ടും കിഴക്കുനിന്നും പടിഞ്ഞാറോട്ടും ചരിഞ്ഞു കിടക്കുന്നു. ഈ പഞ്ചായത്തിന്റെ വടക്കേ അതിരില്‍ കൂടി ഏകദേശം 15 കിലോമീറ്റര്‍ ദൂരം അച്ചന്‍കോവിലാറ് ഒഴുകുന്നു. പതിനഞ്ച് കിലോമീറ്ററോളം വരുന്ന നദീതീരപ്രദേശം പൊതുവെ ഫലഭൂയിഷ്ഠമാണ്. സമതലനിരപ്പില്‍ നിന്നും 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കുന്നുകള്‍ ഈ പഞ്ചായത്തിന്റെ സവിശേഷതയാണ്. വടക്കേ ഇന്‍ഡ്യയില്‍ ഉടലെടുത്ത ബുദ്ധമതവും ജൈനമതവും തെക്കേ ഇന്‍ഡ്യന്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ അതിന്റെ സ്വാധീനം സമീപപ്രദേശങ്ങളിലെന്നപോലെ വള്ളിക്കോട്ട് ഗ്രാമപ്രദേശത്തും ഉണ്ടായി. വള്ളിക്കോടു പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന വന്‍പള്ളില്‍ ഒരു കാലത്ത് ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. ഭരണസൌകര്യത്തിനായി പ്രാചീന ഭരണാധികാരികള്‍ കേരളത്തെ അറുപത്തിനാല് ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. അതില്‍ ഒരു ഗ്രാമം അച്ചന്‍കോവില്‍ മുതല്‍ ആറന്‍മുള വരെ വ്യാപിച്ചു കിടന്നിരുന്നു. അതിന്റെ ആസ്ഥാനം വള്ളിക്കോടായിരുന്നു. ബുദ്ധമതദേവാലയങ്ങളുടെയും (പള്ളി-ഹിന്ദുക്കളുടെ ദേവാലയങ്ങള്‍ ഒഴിച്ചുള്ള ആരാധനാ സ്ഥലങ്ങള്‍ക്കു പറയുന്ന പേര്) ഭരണസിരാകേന്ദ്രങ്ങളുടെയും അഥവാ കോടതികളുടെയും (കോട്) ആസ്ഥാനമായിരുന്ന ’പള്ളിക്കോട് ‘പില്‍ക്കാലത്ത് വള്ളിക്കോട് എന്ന് അറിയപ്പെട്ടു.



ചരിത്രം

 അച്ചന്‍കോവിലാറ് അതിരിടുന്ന കാര്‍ഷിക പ്രധാനമായ പ്രദേശമാണ് വള്ളിക്കോട്.ഏറെ പഴക്കമുള്ള ആരാധനാലയങ്ങളും കര്‍മ്മധീരരായ ചരിത്രപുരുഷന്മാരുടെ സാന്നിദ്ധ്യവും ഈ നാടിനെ ധന്യമാക്കിയിട്ടുണ്ട്. പുരാതന ശിലായുഗ സംസ്കാരത്തിന്റെ പ്രതീകമായ “കല്‍മഴു” കേരളാ ഗസറ്റിയറിന്റേയും പുരാവസ്തുവകുപ്പിന്റേയും പഠനസംഘം കൈപ്പട്ടൂരില്‍ കണ്ടെത്തി. വള്ളിക്കോടു ഗ്രാമപഞ്ചായത്തില്‍പ്പെട്ട സ്ഥലങ്ങളും ചന്ദനപ്പള്ളി-കൊടുമണ്‍ പ്രദേശങ്ങളും കൊല്ലവര്‍ഷാരംഭത്തില്‍ ചെന്നീര്‍ക്കര സ്വരൂപത്തില്‍പ്പെട്ടതായിരുന്നു. വള്ളിക്കോടിനോടു ചേര്‍ന്നുള്ള ചന്ദനപ്പള്ളിയില്‍ ചെന്നീര്‍ക്കര സ്വരൂപത്തിന്റെ  സ്ഥാപകനും ദേശവാഴിയുമായിരുന്ന ശക്തി ഭദ്രന്‍ ഒരു കോട്ട സ്ഥാപിച്ചിരുന്നു. ഈ കോട്ടയ്ക്ക്  വള്ളിക്കോടു കോട്ടയെന്നും പേരുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവ് ശത്രുക്കളെ ഭയന്ന് പ്രസ്തുത കോട്ടയില്‍  ഒളിവു ജീവിതം നടത്തിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. വള്ളിക്കോട് “പാതാനി വട്ടത്ത്” ഇല്ലത്തു നിന്നുമാണ് രാജാവിനും രാമയ്യനും ഭക്ഷണം കൊടുത്തിരുന്നതെന്നും അതിനു പ്രത്യുപകാരമായി കൈപ്പട്ടൂര്‍ മുതല്‍ മൂഴിക്കടവുവരെയുള്ള സ്ഥലത്തിന്റെ ജന്മിസ്ഥാനം പാതാനിവട്ടം കുടുംബത്തിന് നല്‍കിയിരുന്നതായും പറയപ്പെടുന്നുണ്ട്. കുണ്ടറ വിളംബരത്തിനുശേഷം ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്ഷീണനായ വേലുത്തമ്പിദളവ വള്ളിക്കോടു കോട്ടയില്‍ അഭയം പ്രാപിച്ചിരുന്നതായും ബ്രിട്ടീഷ് സൈന്യം “ചെമ്പത്” വയലില്‍ താവളമടിച്ചിരുന്നതായും ചരിത്രം പറയുന്നു. 1915-ല്‍ പ്രസിദ്ധീകരിച്ച ഓക്സ് ഫോര്‍ഡ് ഭൂപടത്തില്‍, ഇന്നത്തെ പത്തനംതിട്ട ജില്ലയുടെ  മേഖലയില്‍ അടൂര്‍, വള്ളിക്കോട് എന്നീ സ്ഥലങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. നാടിന്റെ പ്രാചീനസംസ്കാരം വിളംബരം ചെയ്യുന്ന മഹാക്ഷേത്രങ്ങളും പള്ളികളും ഇവിടെയുണ്ട്. വയലാ വടക്ക് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് ആയിരം വര്‍ഷങ്ങളില്‍ കൂടുതല്‍ പഴക്കമുണ്ടെന്നു ക്ഷേത്രരേഖകളില്‍ കാണുന്നു. ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാക്ഷേത്രമാണ് തൃപ്പാറ. അവിടെ നടന്നിരുന്ന “തൃപ്പാറക്കൂട്ടം” വളരെ പ്രസിദ്ധമായിരുന്നു. തൃക്കോവിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മദ്ധ്യ തിരുവിതാംകൂറില്‍ ഏറെ പ്രശ്സതി ആര്‍ജിച്ചിരുന്നു. വില്വമംഗലത്തു സ്വാമിയാരാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. വ്യാഴമുട്ടം വിഷ്ണു ക്ഷേത്രത്തിന് അഞ്ചുനൂറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ്, വലിയപള്ളിയുടെ നിര്‍മ്മാണം കഴിഞ്ഞിട്ട് 150-ഓളം വര്‍ഷങ്ങളായി. 200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വാനനിരീക്ഷണ ശാസ്ത്രജ്ഞന്‍ ഈ പ്രദേശത്ത് ജീവിച്ചിരുന്നതായി രേഖകളില്‍ കാണുന്നു. ഈ പഞ്ചായത്തില്‍ അങ്ങിങ്ങായി സര്‍പ്പക്കാവുകളും കുളങ്ങളും ഇന്നും നിലനില്ക്കുന്നുണ്ട്. ബുദ്ധജൈനമതങ്ങളുടെ പ്രചാരം വിളിച്ചറിയിക്കുന്ന സ്മാരകങ്ങളാണിവ. പെരുന്തിട്ടമഠം കാവില്‍ ഒരു ബുദ്ധവിഗ്രഹം കാണുന്നു. പ്രകൃതിയുടെ ഒരു ഭാഗമാണ് ഈ പ്രദേശത്തെ മലകള്‍. ഈ പ്രദേശത്തുള്ള മിക്കവാറും എല്ലാ മലകളിലും മലദൈവങ്ങളെ പ്രതിഷ്ഠിച്ച് ആരാധിച്ചു വരുന്നു. ഭുവനേശ്വരത്ത് പുനലൂരില്‍ നിന്നും വന്ന പുല്ലൂര്‍ കുറുപ്പന്മാരുടെ കളരി ഇന്നും നിലനില്ക്കുന്നുണ്ട്. വാഴമുട്ടത്ത് തേവലശ്ശേരി പറമ്പില്‍ കാവും, കളരിത്തറയും ഇപ്പോഴും കാണുവാനുണ്ട്. ഈ പഞ്ചായത്തില്‍ കൂടി കടന്നുപോകുന്ന പ്രധാന റോഡ് തൃക്കുന്നപ്പുഴ-അച്ചന്‍കോവില്‍ റോഡിന്റെ ഭാഗമാണ്.  500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള തണല്‍മരങ്ങളും ചുമടുതാങ്ങികളും അടുത്തകാലം വരെ റോഡിന്റെ വശങ്ങളില്‍ ഉണ്ടായിരുന്നു. പത്തനംതിട്ട താലൂക്കിലെ ഏറ്റവും പഴക്കമുള്ള സ്കൂളാണ് മായാലിലെ മലയാളം സ്കൂള്‍. വള്ളിക്കോടു വില്ലേജ് ആഫീസിനും  നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അച്ചന്‍കോവില്‍ വരെയുള്ള സ്ഥലങ്ങള്‍ ഈ വില്ലേജിന്റെ പരിധിയില്‍പെട്ടിരുന്നു. വള്ളിക്കോടു വില്ലേജിന്റെ കിഴക്കന്‍ മേഖലകളെല്ലാം തന്നെ വനപ്രദേശങ്ങളായിരുന്നു. കൈപ്പട്ടൂര്‍ കല്ലുപാലത്തിനടുത്ത് 100 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ആനക്കൂടുണ്ടായിരുന്നു. കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ കയറ്റിറക്കു നടത്തിയിരുന്ന ഒരു സ്ഥലമായിരുന്നു കൈപ്പട്ടൂര്‍ കുരുമ്പേലില്‍ കടവ്. കൈപ്പട്ടൂരിലെ കാരയ്ക്കാട്ടു ചന്തയ്ക്ക് ഏറെ പഴക്കമുണ്ടായിരുന്നു. ചന്തയോടു ചേര്‍ന്നായിരുന്നു അന്നത്തെ പണ്ടകശാല. നരിയാപുരത്തു സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം പന്തളം രാജാവിന്റെ കോട്ടയായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ദേശാഭിമാനികള്‍ ഈ പ്രദേശത്തും ഉണ്ടായിരുന്നു. ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ടിട്ടുള്ള പുരാവസ്തുക്കള്‍ ഇവിടെ നിലനിന്നിരുന്ന ഒരു സംസ്കൃതിയുടെ പ്രത്യക്ഷതെളിവുകളാണ്. ഭൂമിക്കടിയില്‍ നിന്നു കിട്ടിയിട്ടുള്ള കല്‍വിളക്കുകളും കല്‍മഴുവും ഇന്നും ചില വീടുകളുടെ അകത്തളത്തില്‍ വിശ്രമിക്കുന്നു. ശവസംസ്കാരത്തിന് ഉപയോഗിച്ചിരുന്നതെന്നു വിശ്വസിക്കുന്ന വലിയ കളിമണ്‍കലങ്ങളും കല്ലറകളും സര്‍വ്വസാധാരണമായി കണ്ടെടുത്തിട്ടുണ്ട്.

 കടപ്പാട് :Anumod Kumar P,Baiju r thrikkovil
http://lsgkerala.in/vallicodepanchayat/vallicode/

1 അഭിപ്രായം:

  1. പ്രകൃതി രമണീയവും ചരിത്രം ഉറങ്ങുന്നതുമായ ഈ നാട് കാണാന്‍ മോഹമുണ്ട് . പഴമയുടെ ഒരു ചിത്രം നല്കാന്‍ വിവരണത്തിന് നന്നായ് കഴിഞ്ഞു കാലം കുറെ പിറകോട്ടു പോയി

    മറുപടിഇല്ലാതാക്കൂ